ചങ്ങനാശേരി: ആവശ്യത്തിനു പോലീസുകാരും വാഹനങ്ങളുമില്ല. ജില്ലയില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ദുരിതത്തില്‍. സ്റ്റേഷനിലെ വിവിധ കാര്യങ്ങള്‍ അനുദിനം കൈകാര്യം ചെയ്യാന്‍ അറുപതു പോലീസുകാരെങ്കിലും വേണമെന്നിരിക്കെ 34 പേര് മാത്രമാണ് ഇവിടെയുള്ളത്.
എസ്എച്ച്ഒ-ഒന്ന്, എസ്ഐ-ഒന്ന്, എഎസ്ഐ-രണ്ട്, സീനിയര്‍ സിപിഒ-പത്ത്, സിപിഒ-15, വനിത സിപിഒ-നാല്, ഡ്രൈവര്‍-രണ്ട് എന്നിങ്ങനെയാണ് ഈ സ്റ്റേഷനിലെ അംഗസംഖ്യ.
ജില്ലയിലെ പിടികിട്ടാപ്പുള്ളികളടക്കം കുപ്രസിദ്ധ ക്രിമിനലുകളും ഓരോ മാസവും നൂറിനും നൂറ്റമ്പതിനുമിടയില്‍ കേസുകളും രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷന്‍കൂടിയാണ് തൃക്കൊടിത്താനം. തൃക്കൊടിത്താനം, മാടപ്പള്ളി, പായിപ്പാട് പഞ്ചായത്തുകളിലെ അറുപത് വാര്‍ഡുകളിലെ ലോ ആൻഡ് ഓര്‍ഡര്‍ കാര്യങ്ങളാണ് ഈ സ്റ്റേഷനില്‍ നിര്‍വഹിക്കപ്പെടുന്നത്. രാസലഹരി, ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളാണ് ഓരോ ദിവസവും ഈ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ചുവര്‍ഷം മുമ്പ് കൊക്കോട്ടുചിറയില് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഷന് കെട്ടിടം നിര്‍മിച്ചിരുന്നു.
ഇതരസംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന സ്റ്റേഷൻ പരിധി
പായിപ്പാട്ടുള്ള നൂറിലധികം ക്യാമ്പുകളിലായി ഏഴായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിവസിക്കുന്നുണ്ട്. കോവിഡ് കാലത്ത് സര്‍ക്കാര്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയപ്പോള്‍ ഇവര്‍ പായിപ്പാട് കവലയില്‍ മിന്നല്‍ വേഗത്തില്‍ സംഘടിച്ചത് സംസ്ഥാന സര്‍ക്കാരിനെപ്പോലും ഞെട്ടിച്ചിരുന്നു. വിവിധ സ്റ്റേഷനുകളില്‍നിന്നുള്ള പോലീസുകാരെത്തിയാണ് ഇവരെ ശാന്തരാക്കിയത്.
തൃക്കൊടിത്താനം, മാടപ്പള്ളി പഞ്ചായത്തുകളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. രാസലഹരി വില്പന, മോഷണം, മറ്റിതര കുറ്റകൃത്യങ്ങള്‍ എന്നിവ ഇവർക്കിടയില്‍ വര്‍ധിച്ചതും പോലീസിനു തലവേദനയാണ്.
പോലീസുകാര്‍ക്ക് ജോലിഭാരം, സമ്മര്‍ദം
ജനമൈത്രി ബീറ്റ്, എസ്പിസി, ഓഫീസ് കാര്യങ്ങള്‍, വിഐപി എസ്കോര്‍ട്ട്, കോടതി വ്യവഹാരങ്ങള്‍, വിവിധ ജംഗ്ഷനുകളിലെ ട്രാഫിക് നിയന്ത്രണം, പാസ്പോര്‍ട്ട് വെരിഫിക്കേഷന് രാത്രികാല പട്രോളിംഗ്, ഉത്സവം, പെരുന്നാളുകള്‍, സമ്മേളനങ്ങള്‍, കേസന്വേഷണം കൂടാതെ പ്രത്യേക ഡ്യൂട്ടികള്‍ തുടങ്ങിയവയ്ക്ക് പോലീസുകാരെ വിന്യസിക്കേണ്ടിവരുമ്പോള് സ്റ്റേഷന് അധികാരികള്‍ ഏറെ പ്രതിസന്ധിയിലാകുകയാണു പതിവ്.
പോലീസുകാര്‍ക്ക് ഓഫും അവധിയും എടുക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജോലിഭാരം വര്‍ധിക്കുന്നത് പോലീസുകാരിൽ സമ്മര്‍ദത്തിനും ഇടയാക്കുന്നുണ്ട്.
ഫോണ്‍കോളുകളിൽ ഓടിയെത്താനാകാതെ...
മൂന്നു പഞ്ചായത്തുകളിലെ അറുപതോളം വാര്‍ഡുകളില്‍ വിവിധ മോഷണം, അടിപിടി, സംഘര്‍ഷങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, ഗതാഗതക്കുരുക്ക്, ഗതാഗത പ്രശ്നങ്ങള്‍ തുടങ്ങിയ സംഭവങ്ങളുണ്ടാകുമ്പോള്‍ തൃക്കൊടിത്താനത്തുള്ള സ്റ്റേഷനില്‍നിന്നും പോലീസിന് ഓടിയെത്താന്‍ സാധിക്കുന്നില്ല. പോലീസുകാരുടെ എണ്ണക്കുറവു പോലെ തന്നെ ആവശ്യത്തിനു വാഹന സൗകര്യങ്ങളില്ലെന്നതും പ്രതിസന്ധിയാണ്.
വിവിധ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള മുക്കാഞ്ഞിരം, വെങ്കോട്ട, ഇയ്യാലി, മാമ്മൂട്, ദൈവംപടി, പാലമറ്റം, കണ്ണവട്ട, ഇരൂപ്പ, നാലുകോടി റെയില്‍വേ ക്രോസ് എന്നിവിടങ്ങള്‍ വരെയാണ് ഈ സ്റ്റേഷന്റെ അധികാരപരിധി വ്യാപിച്ചുകിടക്കുന്നത്.
കണ്ട്രോള് റൂം വെഹിക്കിള്‍ അനുവദിക്കണമെന്ന് ആവശ്യം
തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ സ്എച്ച്ഒയ്ക്കും എസ്ഐയ്ക്കും ഓരോ വാഹനങ്ങള്‍ മാത്രമാണുള്ളത്. ഗതാഗത തടസം, അക്രമം തുടങ്ങിയ സംഭവങ്ങളുണ്ടാകുമ്പോള്‍ വാഹനങ്ങളില്ലാത്തതുമൂലം പോലീസിനു യഥാസമയം ഓടിയെത്താനാകുന്നില്ല. മാമ്മൂട്, തെങ്ങണ, വെങ്കോട്ട, പായിപ്പാട്, നാലുകോടി, മുക്കാട്ടുപടി തുടങ്ങിയ പ്രധാന ജംഗ്ഷനുകൾ ഈ സ്റ്റേഷന് പരിധിയിലാണ്.
കണ്ട്രോള് റൂം വെഹിക്കിളും ഈ വാഹനത്തിലെ ഡ്യൂട്ടിക്കുള്ള പോലീസുകാരെയും അനുവദിച്ചാല്‍ ഏറെ ഉപകാരപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എട്ടുമണിക്കൂര്‍ വീതമുള്ള മൂന്നു ഡ്യൂട്ടിക്ക് മൂന്ന് എസ്ഐമാര്‍, മൂന്നു പോലീസുകാര്‍, മൂന്നു ഡ്രൈവര്‍മാര്‍ എന്നിവരാണ് കണ്ട്രോള് റൂം വെഹിക്കിളിന്റെ സുഗമമമായ നടത്തിപ്പിനായി വേണ്ടത്. സ്റ്റേഷന് പരിധിയിലെ വിവിധ കേന്ദ്രങ്ങളിലെ ഡ്യൂട്ടിക്ക് ഈ സംവിധാനം ഏറെ ഉപകരിക്കും.
തെങ്ങണയിലും പായിപ്പാട്ടും കണ്ട്രോള് റൂം തുറക്കണം
തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്റെ സമാധാന പരിപാലനം കാര്യക്ഷമമാക്കാന്‍ തെങ്ങണയിലും പായിപ്പാട്ടും കണ്ട്രോള് റൂം തുറക്കണമെന്നു കാണിച്ച് സ്റ്റേഷന് അധികൃതര്‍ ആഭ്യന്തര വകുപ്പിന് കത്തു നല്‍കിയിരുന്നു. വനിതാ പോലീസുകാരടക്കം 21 പേരെക്കൂടി നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.